കൊച്ചി: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹം പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കമാണ് നടക്കുന്നത് എന്ന് ആരോപിച്ചാണ് വേണുഗോപാല്‍ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

2024-ല്‍ ഹരിയാനയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉന്നയിച്ച് രണ്ട് വര്‍ഷത്തിന് ശേഷം, കൃത്യമായി കേരളത്തിലെ തിരഞ്ഞെടുപ്പ് വേളയില്‍ ആരോപണവുമായി വന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഫെബ്രുവരി 23-ന് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയും തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനങ്ങളും കൈരളി ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നടത്തിയ പ്രചാരണങ്ങളും തന്റെ വ്യക്തിത്വത്തെ ഹനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇത്തരമൊരു ആരോപണം പൊട്ടിമുളച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു.

ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനത്തിലൂടെ താന്‍ കെട്ടിപ്പടുത്ത യശസ്സ് ഇല്ലാതാക്കാന്‍ ഹരിയാന സ്വദേശി ആസൂത്രിതമായി നീങ്ങുകയാണെന്നാണ് വേണുഗോപാലിന്റെ വാദം. ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിക്ക് നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും അതിന് മറുപടി നല്‍കാനോ ഉന്നയിച്ച കാര്യങ്ങള്‍ പിന്‍വലിക്കാനോ അദ്ദേഹം തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.