മുംബൈ: നാലു വയസുകാരനെ കാലില്‍ തൂക്കിയെടുത്ത് നിലത്തടിച്ച് യുവാവ്. കുട്ടിയുടെ പിതാവുമായുള്ള തര്‍ക്കത്തിനിടെയാണ് കലി പൂണ്ട യുവാവ് കുട്ടിയെ കാലില്‍ തൂക്കി എടുത്ത് നടുറോഡില്‍ അടിക്കുന്നത്. അതീവഗുരുതരാവസ്ഥയിലായ കുട്ടിയെ മീരാ റോഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ വസായിലാണ് നാടിനെ നടുക്കി അതിക്രൂര സംഭവം നടന്നത്. കുട്ടിയെ അതിമാരകമായി ഉപദ്രവിച്ച പ്രതി സന്ദീപ് പവാറിനെ അറസ്റ്റ് ചെയ്യുകയും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

നിലവില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ വസായിലുള്ള ഹൗസിങ് സൊസൈറ്റിയില്‍ നടന്ന ക്രൂരമായ സംഭവത്തിന്റെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഈ സംഭവം പ്രദേശത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. കുട്ടിയുടെ പിതാവുമായുള്‌ല തര്‍ക്കമാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണത്തില്‍ കലാശിച്ചത്.

നാലു വയസുകാരനായ വിഗ്‌നേഷ് മറ്റു കുട്ടികള്‍ക്കൊപ്പം വഴിവക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയില്‍ കളിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. കുട്ടിയുടെ പിതാവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോ റിക്ഷയില്‍ നിന്ന് വിഗ്‌നേഷിനെ കാലില്‍ തൂക്കിയെടുത്ത് റോഡിന്റെ മധ്യത്തിലേക്ക് എത്തിയ സന്ദീപ് പവാര്‍, തുടര്‍ന്ന് കുട്ടിയെ വായുവിലേക്കുയര്‍ത്തിയ ശേഷം നിലത്തടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുമായി റോഡിനെതിര്‍വശത്തുള്ള കെട്ടിടത്തിലേക്ക് ഓടിയ ഇയാള്‍ വീണ്ടും കുട്ടിയെ ആക്രമിച്ചു.