ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണത്തിലെ ദുരൂഹത ഇപ്പോഴും തുടരുന്നു. എന്തിനാണ് റോയി ജീവനൊടുക്കിയത് എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതില്‍ അന്വേഷണം തുടരാന്‍ വേണ്ടി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം കൊടുത്തിരിക്കയാണ്. ഈ അന്വേഷണ സംഘം സംഭവം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരെ എല്ലാം ചോദ്യം ചെയ്യാനാണ് ഒരുങ്ങുന്നത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.

റോയി ജീവനൊടുക്കിയതിന്റെ ഉത്തരവാദികളായി ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ബന്ധുക്കള്‍. റോയിക്ക് ശത്രുക്കളോ ഏതെങ്കിലുംതരത്തിലുള്ള ഭീഷണിയോ കടബാധ്യതയോ വിഷാദമോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സി.ജെ. ബാബു പറഞ്ഞു. ആദായനികുതി വകുപ്പിന്റെ പരിശോധനയുടെ സമ്മര്‍ദത്തിലായിരുന്നു റോയിയെന്നും പറഞ്ഞു. ഈ സാഹചര്യത്തില്‍ എന്തിനായിരുന്നു നികുതി വിഭാഗത്തിന്റെ പരിശോധന എന്നും എന്തായിരുന്നു കണ്ടെത്തല്‍ എന്നതും കേസില്‍ നിര്‍ണായകമാകും.

ശനിയാഴ്ച ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയില്‍ റോയിയുടെ മൃതദേഹം കാണാനെത്തിയപ്പോഴാണ് അദ്ദേഹം ആരോപണം കടുപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ രണ്ടുതവണ തന്നെ വിളിച്ച റോയി, ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിലാണ് താനെന്നും ഉടന്‍ ബെംഗളൂരുവിലെത്തണമെന്നും ആവശ്യപ്പെട്ടതായും ബാബു പറഞ്ഞു. തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍നിന്നാണ് ബാബു എത്തിയത്.

2025 ഡിസംബര്‍ മൂന്നിനാണ് ഐ.ടി. ഉദ്യോഗസ്ഥര്‍ ആദ്യം ബെംഗളൂരുവില്‍ പരിശോധനയ്ക്കെത്തിയത്. കുറച്ചുദിവസം അവര്‍ ബെംഗളൂരുവില്‍ തങ്ങി പരിശോധന നടത്തി. ജനുവരി 28-ന് ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തി. ദുബായിലായിരുന്ന റോയിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഡിസംബറിലെ പരിശോധനയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം ഐ.ടി. ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധനയ്ക്കെത്തിയതെന്നാണ് സൂചന.

അതിനിടെ, റോയിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെടുത്തു. സ്വയം വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്കും കസ്റ്റഡിയിലെടുത്തു. തോക്ക് ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. ബെംഗളൂരു ബൗറിങ് ആശുപത്രിയില്‍ റോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. ദുബായിലായിരുന്ന ഭാര്യ ലിനി റോയിയും മക്കളായ രോഹിത്തും റിയയും ശനിയാഴ്ച പുലര്‍ച്ചെ ബൗറിങ് ആശുപത്രിയിലെത്തി.ഇവരില്‍ നിന്നുംപോലീസ് മൊഴിയെടുത്തിരുന്നു.

റോയിയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തിന് (എസ്.ഐ.ടി.) കര്‍ണാട സര്‍ക്കാര്‍ രൂപംനല്‍കിയിട്ടുണ്ട്. ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ (സൗത്ത്) ലോകേഷ് ജഗല്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘം ജോയിന്റ് കമ്മിഷണര്‍ (വെസ്റ്റ് സോണ്‍) സി. വംശികൃഷ്ണയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടത്തുക. ബെംഗളൂരു പോലീസിന്റെ സെന്‍ട്രല്‍, സൗത്ത് ഡിവിഷനുകളിലെയും സി.സി.ആര്‍.ബി.യിലെയും അശോക് നഗര്‍ പോലീസ് സ്റ്റേഷനിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഘത്തില്‍ അംഗങ്ങളാണ്. അസ്വാഭാവികമരണത്തിന് അശോക് നഗര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസാണ് എസ്.ഐ.ടി.ക്ക് കൈമാറിയത്. റോയിയുടെ മരണത്തെപ്പറ്റി വിശദമായ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉത്തരവിട്ടിരുന്നു.

അതിനിടെ ഡോ.സി.ജെ.റോയിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. വെടിയുണ്ട ഇടതു നെഞ്ചില്‍ തുളച്ചു കയറി റോയി തല്‍ക്ഷണം മരിച്ചതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ബൗറിങ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് എം.എന്‍.അരവിന്ദ് പറഞ്ഞു.

നെഞ്ചില്‍ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിന്‍ഭാഗത്തുകൂടി പുറത്തു കടന്നു. 6.35 എംഎം വലുപ്പമുള്ള വെടിയുണ്ട കണ്ടെത്തി. നെഞ്ചില്‍ തോക്ക് ചേര്‍ത്തുവച്ച് ഒറ്റത്തവണയാണ് വെടിവച്ചത്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാക്കുകയാണ് പൊലീസ്. ക്ലോസ് റേഞ്ചില്‍ നിന്നാണ് കാഞ്ചി വലിച്ചത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച രക്ത സാംപിളുകളുടെയും മറ്റും പരിശോധന നടത്തിവരികയാണ്.

മൊഴിയെടുക്കുന്നതിനിടയില്‍ മുറിയിലേക്ക് പോയ റോയിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം. കൊച്ചിയില്‍നിന്നുള്ള എട്ടംഗ സംഘമാണ് റെയ്ഡ് നടത്തിയത്. ആദായ നികുതിയുമായി ബന്ധപ്പെട്ട് അപ്ലറ്റ് ട്രൈബ്യൂണലിലും കര്‍ണാടക ഹൈക്കോടതിയിലും കോണ്‍ഫിഡന്‍സ് ഗ്രൂപ്പിനു കേസുകളുണ്ടായിരുന്നു.

ഇതിനിടെ സി ജെ റോയിയുടെ ഇന്ന് നടക്കും. ഉച്ചയ്ക്ക് 3.30നു കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക. ഇവിടെ അന്ത്യവിശ്രമമൊരുക്കണമെന്ന റോയിയുടെ ആഗ്രഹപ്രകാരമാണിത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദര്‍ശനം. 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷമാണു സംസ്‌കാരം നടത്തുക.