കൊച്ചി: കംബോഡിയന്‍ സൈബര്‍ സ്‌കാം റാക്കറ്റ് തകര്‍ത്ത് കൊച്ചി സൈബര്‍ പൊലീസ്. യുവഡോക്ടറെ കബിളിപ്പിച്ച് 37 ലക്ഷം രൂപ ഓണ്‍ലൈനായി തട്ടിയെടുത്ത പ്രതികള്‍ അറസ്റ്റിലായി. മലയാളികളായ യുവാക്കളാണ് തട്ടിപ്പില്‍ പിടിയിലായത്. അരൂര്‍, മലപ്പുറം സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. യുവ ഡോക്ടറിന് കംബോഡിയയില്‍ നിന്ന് ലഭിച്ച മെസേജുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.

അരൂര്‍ സ്വദേശി സൂരജ് കൃഷ്ണ (22) പണം അക്കൗണ്ട് വഴി പിന്‍വലിച്ചെടുത്ത മലപ്പുറം വളാഞ്ചേരി സ്വദേശികളായ ആദില്‍ കെ.പി. (22), മുഹമ്മദ് ഫൈസല്‍ (25) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. കംബോഡിയ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നില്‍. രാജ്യവ്യാപകമായി നടന്നുവരുന്ന ഡിജിറ്റല്‍ അറസ്റ്റും ട്രേഡിങ് തട്ടിപ്പും ലോണ്‍ ആപ്പും ഉള്‍പ്പെടെയുള്ള തട്ടിപ്പുകളുടെ കേന്ദ്രമാണ് അറസ്റ്റിലായ സംഘം. ഫ്‌ലോം പെന്‍ ആസ്ഥാനമായ ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘമാണ് പിടിയിലായത്.

പിടിയിലായവരെ 6303 സൈബര്‍ മാഫിയ സംഘമെന്നാണ് അറിയപ്പെടുന്നത്. യുവ ഡോക്ടറിന് കംബോഡിയയില്‍ നിന്നും മെസേജ് അയച്ചിരുന്ന മലയാളിയെ കൃത്യമായി മനസിലാക്കിയ ശേഷമാണ് അറസ്റ്റ്. പ്രതി ഇന്ത്യയില്‍ എത്തിയ ഉടന്‍ പ്രതിയെയും പണം പിന്‍വലിക്കാന്‍ സഹായിച്ച കൂട്ടാളികളെയും പിടികൂടുകയായിരുന്നു.

ചൈനീസ് നിയന്ത്രണത്തിനുള്ള ആഗോള സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കംബോഡിയയിലെ ജോലിക്കാരനായിരുന്നു സൂരജ്. ആറ് ദിവസം മുന്‍പാണ് ഇയാള്‍ നാട്ടിലെത്തിയത്. പോലീസ് നിരീക്ഷണത്തിലായിരുന്ന സൂരജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് പ്രതികളെ പിടികൂടിയത്. സൂരജിന്റെ കേരളത്തിലുള്ള ബാങ്ക് അക്കൗണ്ടിലെത്തിയ പണം പിന്‍വലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറിയവരാണ് കൂട്ടുപ്രതികള്‍. ഇവര്‍ ഇതിന് കമ്മിഷന്‍ വാങ്ങിയിരുന്നു.

മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടറെ സ്ത്രീയെന്ന വ്യാജേന സൂരജ് ഫോണില്‍ വിളിച്ച് ബന്ധം സ്ഥാപിച്ചു. പിന്നീട് ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. ഡോക്ടര്‍ ആദ്യം നിക്ഷേപിച്ച 25 ലക്ഷത്തോളം രൂപ സൂരജ് കൃഷ്ണയുടെ സ്വന്തം അക്കൗണ്ടിലാണ് എത്തിയത്. ഇതോടെയാണ് ഇയാളുടെ അക്കൗണ്ട് വിവരങ്ങളും മറ്റും പോലീസ് നിരീക്ഷിച്ച് തുടങ്ങിയത്. വന്‍ ശമ്പളം നല്‍കിയാണ് മുഖ്യപ്രതി സൂരജ് കംബോഡിയയില്‍ ജോലി ചെയ്തിരുന്നതെന്നും മൊഴി നല്‍കിയിട്ടുണ്ട്.

സൈബര്‍ സെല്‍ എസ്എച്ച്ഒ പി.എ. ഷമീര്‍ ഖാന്‍, പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, അജിത് രാജ്, അരുണ്‍ രാമകൃഷ്ണന്‍, നജീബ്, അനീഷ് എം.കെ. എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.