- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മോഷ്ടിക്കാൻ കയറി, ഒടുവിൽ സാരി കഴുത്തിൽ മുറുക്കി കൊലപാതകം; പിന്നാലെ അലമാരയിലെ പണവുമായി മുങ്ങി; കണ്ണനാകുഴിയിലെ തുളസിയെ കൊന്ന ജെറിൻ രാജുവിന് ജീവപര്യന്തം; കുടുംബത്തിന് നീതി ലഭിച്ചത് 7 വർഷത്തിന് ശേഷം

മാവേലിക്കര: താമരക്കുളം കണ്ണനാകുഴിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജെറിൻ രാജുവിന് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി-ഒന്ന്. 2018 സെപ്റ്റംബർ 22-ന് നടന്ന സംഭവത്തിൽ, താമരക്കുളം കണ്ണനാകുഴി മാങ്കൂട്ടത്തിൽ വടക്കതിൽ തുളസിയെ (48) കൊലപ്പെടുത്തിയ കറ്റാനം വെട്ടിക്കോട് മോളയ്യത്തു പുത്തൻ വീട്ടിൽ ജെറിൻ രാജുവിനെയാണ് (27) കോടതി ശിക്ഷിച്ചത്. മോഷണശ്രമത്തിനിടെ തുളസിയെ സാരി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി-ഒന്ന് ജഡ്ജി വി.ജി. ശ്രീദേവിയാണ് വിധി പ്രഖ്യാപിച്ചത്. കൊലപാതക കുറ്റത്തിന് (ഐ.പി.സി. 302) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ജെറിൻ രാജുവിന് വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി കഠിനതടവ് അനുഭവിക്കണം. കൂടാതെ, മോഷണത്തിന് (ഐ.പി.സി. 392) 10 വർഷം കഠിനതടവും 10,000 രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് (ഐ.പി.സി. 201) ഏഴ് വർഷം കഠിനതടവും 5,000 രൂപ പിഴയും, അതിക്രമിച്ച് കടന്നതിന് (ഐ.പി.സി. 461) രണ്ട് വർഷം കഠിനതടവും 2,000 രൂപ പിഴയും കോടതി വിധിച്ചു.
കാലാവധി നിശ്ചയിച്ചിട്ടുള്ള ശിക്ഷകൾ ഒരേ സമയം അനുഭവിച്ചാൽ മതിയാകുമെന്നും വിധിയിൽ പറയുന്നു. പിഴത്തുക കൊല്ലപ്പെട്ട തുളസിയുടെ ഭർത്താവിനും മക്കൾക്കും തുല്യമായി നൽകാനും ഉത്തരവുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മക്കൾക്കും ഭർത്താവിനുമൊപ്പം താമസിക്കുകയായിരുന്ന തുളസിയുടെ വീട്ടിൽ മോഷ്ടിക്കാനാണ് ജെറിൻ രാജു എത്തിയത്. അലമാരയിലെ ലോക്കറിന് സമീപം സൂക്ഷിച്ചിരുന്ന 10,800 രൂപ ഇയാൾ മോഷ്ടിച്ചു. ഇത് കണ്ടുകൊണ്ട് മുറിയിലേക്ക് വന്ന തുളസി പ്രതിയെ തടയാൻ ശ്രമിച്ചു.
തുടർന്ന് പ്രതി തുളസിയെ ആക്രമിക്കുകയും അബോധാവസ്ഥയിലായ ഇവരുടെ കഴുത്തിൽ സാരി ചുറ്റിമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. വള്ളികുന്നം എസ്.ഐ. ആയിരുന്ന എം.സി. അഭിലാഷ് രജിസ്റ്റർ ചെയ്ത കേസിൽ, എസ്.ഐ. ഡോ. അനീഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. സന്തോഷ് കുമാർ ഹാജരായി.


