- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ചാവക്കാട്ട് നവജാത ശിശു മരിച്ചിട്ടും പഠിച്ചില്ലേ?' കേരളത്തില്‍ കഴിഞ്ഞവര്‍ഷം 428 വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്, കുറവ് പത്തനംതിട്ടയില്‍; സൗജന്യ ചികിത്സയും ആശുപത്രിയുമുണ്ട്, എന്നിട്ടും അമ്മയുടെയും കുഞ്ഞിന്റെയും ജീവന് വെച്ച് പന്താടുന്നത് ആര്?

തിരുവനന്തപുരം: വീടുകളിലെ പ്രസവം നിരുത്സാഹപ്പെടുത്താന്‍ ആരോഗ്യവകുപ്പ് കൊണ്ടുപിടിച്ച ശ്രമം നടത്തുമ്പോഴും കാര്യമായ കുറവില്ലെന്ന് കണക്കുകള്‍. ആരോഗ്യരംഗത്തെ ഏറ്റവും അപകടകരമായ ഒരു പ്രവണതയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുകയാണ്. ആശുപത്രികളെയും ഡോക്ടര്‍മാരെയും വിശ്വസിക്കാതെ വീടുകളില്‍ പ്രസവം നടത്തുന്നവരുടെ എണ്ണം ഞെട്ടിക്കുന്ന രീതിയില്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം കേരളത്തില്‍ നടന്നത് 428 വീട്ടുപ്രസവങ്ങളാണ്. ആരോഗ്യവകുപ്പ് ഹൈക്കോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്‌സിങ്ങിന് നല്‍കിയ വിവരാവകാശ രേഖകളിലാണ് ഈ 'ഭീതിപ്പെടുത്തുന്ന' കണക്കുകള്‍ പുറത്തുവന്നത്.
വീട്ടുപ്രസവങ്ങളുടെ കണക്കില്‍ മലപ്പുറം ജില്ലയാണ് ഏറ്റവും മുന്നില്‍-191 പ്രസവങ്ങള്‍! ആരോഗ്യ അവബോധത്തിന്റെ കാര്യത്തില്‍ മലപ്പുറം പിന്നാക്കം പോകുന്നു എന്നതിന്റെ തെളിവായി ഈ കണക്കുകള്‍ മാറുകയാണ്. മലപ്പുറത്തിന് തൊട്ടുപിന്നില്‍ ഇടുക്കിയാണ് (37). അതേസമയം, സാക്ഷരതയിലും ആരോഗ്യത്തിലും എന്നും മുന്നില്‍ നില്‍ക്കുന്ന പത്തനംതിട്ടയില്‍ വെറും 6 പ്രസവങ്ങള്‍ മാത്രമാണ് വീടുകളില്‍ നടന്നത്. 2024-ല്‍ 328 ആയിരുന്ന വീട്ടുപ്രസവങ്ങള്‍ 2025 ഡിസംബര്‍ ആയപ്പോഴേക്കും 428 ആയി കുതിച്ചുയര്‍ന്നു എന്നത് അധികൃതരുടെ ബോധവല്‍ക്കരണം വെറും പ്രഹസനമാണെന്ന് തെളിയിക്കുന്നു.
അശാസ്ത്രീയമായ വീട്ടുപ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്നും പൊതുജനാരോഗ്യ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടിലാണ് പലരും. രണ്ടാഴ്ച മുന്‍പ് ചാവക്കാട് വീട്ടുപ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവം ഇത്തരക്കാര്‍ക്കുള്ള വലിയൊരു മുന്നറിയിപ്പായിരുന്നു. എന്നിട്ടും കണക്കുകള്‍ താഴുന്നില്ല എന്നത് ഗൗരവകരമാണ്.
തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 21 വീട്ടുപ്രസവങ്ങളാണ് നടന്നത്. കൊല്ലത്ത് 20, പത്തനംതിട്ട 6, ആലപ്പുഴ 9, കോട്ടയം 10, ഇടുക്കി 37, എറണാകുളം 24, തൃശൂര്‍ 15, പാലക്കാട് 16, മലപ്പുറം 191, കോഴിക്കോട് 24, വയനാട് 24, കണ്ണൂര്‍ 16, കാസര്‍കോട് 15 എന്നിങ്ങനെയാണ് വീട്ടുപ്രസവങ്ങളുടെ കണക്ക്.
മലപ്പുറം താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ 2024-ല്‍ തന്നെ ഈ അപകടത്തെക്കുറിച്ച് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശവകുപ്പ് ബോധവല്‍ക്കരണം നടത്താന്‍ നിര്‍ദ്ദേശിച്ചെങ്കിലും താഴെത്തട്ടില്‍ ഇതൊന്നും ഫലപ്രദമാകുന്നില്ല. മെഡിക്കല്‍ രംഗത്തെ അത്യാധുനിക സൗകര്യങ്ങള്‍ സൗജന്യമായി ലഭിക്കുമ്പോള്‍, എന്തിനാണ് പലരും ഇത്തരം ആത്മഹത്യാപരമായ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉറക്കം നടിക്കുമ്പോള്‍, അന്ധവിശ്വാസങ്ങളുടെയും തെറ്റായ പ്രചാരണങ്ങളുടെയും പുറകെ പോയി ജീവിതം ഹോമിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതാണ് വീട്ടുപ്രസവങ്ങള്‍ കൂടാന്‍ കാരണമെന്ന ആരോപണവും ശക്തമാണ്.


