ആലത്തൂര്‍: വീട്ടുകാര്‍ പുറത്ത് പോയ സമയത്ത് വീടിനു പുറത്ത് ഷൂവിനുള്ളില്‍ വെച്ച താക്കോലെടുത്ത് വീടു തുറന്ന് കള്ളന്‍. അലമാരയില്‍ സൂക്ഷിച്ച പത്ത് പവനും 90,000 രൂപയും മോഷ്ടിച്ച ശേഷം താക്കോല്‍ തിരികെ വെച്ച് കള്ളന്‍ കടന്നു. തരൂര്‍ പഴമ്പാലക്കോട് പാനത്ത് വീട്ടില്‍ പി.കെ. ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പള്ളിയില്‍ പോയ ഭാര്യയെ വിളിക്കാന്‍ ജോയി വീടു പൂട്ടിപ്പോയ സമയത്താണ് സംഭവം.

ജോയിയുടെ ഭാര്യ ജിജി ചേലക്കരയിലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് പോയിരുന്നു. ജിജിയെ കൂട്ടാനായി പോയ സമയം ജോയി വീട് പൂട്ടി താക്കോല്‍ സിറ്റൗട്ടിലെ ഷൂവിനുള്ളില്‍ വെച്ചു. ഇരുവരും തിരികെ എത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. സംശയം തോന്നിയ ജോയി അലമാര പരിശോധിച്ചപ്പോഴാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. താക്കോല്‍ ഷൂവിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു. മോഷണം നടത്തിയശേഷം താക്കോല്‍ തിരികെ വെച്ചതാകാമെന്നാണ് നിഗമനം. ജോയിയുടെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി.

ജിജി എല്ലാ ചൊവ്വാഴ്ചയും ചേലക്കരയിലെ പള്ളിയില്‍ പോകുന്നയാളാണ്. ജോയി ഇവരെ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. പുറത്ത് പോകുമ്പോഴെല്ലാം വീട് പൂട്ടി താക്കോല്‍ സിറ്റൗട്ടിലെ ഷൂവിനുള്ളില്‍ വെക്കും. ഇതു മനസ്സിലാക്കിയ ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു. ജോയിയുടെ പരാതിയില്‍ കേസെടുത്ത ആലത്തൂര്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ബുധനാഴ്ച ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുമെത്തി പരിശോധിക്കും.