- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രഞ്ജിത്തിനെതിരെയുള്ള പരാതിയെക്കുറിച്ച് കൃത്യമായി അറിയില്ല; സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായി അറിയുന്ന ആളല്ല താനിപ്പോള്‍; നിലവില്‍ സ്വീകരിച്ച നടപടികളെ പറ്റി ആക്ഷേപങ്ങളില്ല'; രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. നിലവിലെ പോലീസ് നടപടികളില്‍ ആക്ഷേപങ്ങളൊന്നുമില്ലെന്നും കാര്യങ്ങള്‍ കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായി അറിയുന്ന സാഹചര്യത്തിലല്ല താനെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 'രഞ്ജിത്തിനെതിരെയുള്ള പരാതിയെക്കുറിച്ച് കൃത്യമായി അറിയില്ല, മാധ്യമങ്ങളിലൂടെ അറിഞ്ഞ വിവരങ്ങള്‍ മാത്രമേ ഉള്ളൂ. നിലവില്‍ സ്വീകരിച്ച നടപടികളെ പറ്റി ആക്ഷേപങ്ങളില്ല, നല്ല നിലയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് മനസ്സിലാക്കുന്നത്,' അദ്ദേഹം കൂട്ടിചേര്‍ത്തു.
ജനുവരി 9ന് ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാന്‍ കാരവാനില്‍ കയറിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെ തുടര്‍ന്ന് വലിയ മാനസികാഘാതം നേരിട്ട താന്‍ കൗണ്‍സിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
നേരത്തെ സമാനമായ രണ്ടു കേസുകള്‍ രഞ്ജിത്തിനെതിരെ ഉയര്‍ന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി 2024 ല്‍ വെളിപ്പെടുത്തിയിരുന്നു. 2009-ല്‍ 'പാലേരി മാണിക്യം' സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു സംഭവം എന്നായിരുന്നു ആരോപണം. 2012ല്‍ ബെംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് സംവിധായകന്‍ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്‍കിയിരുന്നു. 'ബാവുട്ടിയുടെ നാമത്തില്‍' സിനിമയുടെ ലൊക്കേഷനില്‍ വെച്ച് പരിചയപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങള്‍ എടുത്തെന്നുമായിരുന്നു യുവാവ് മൊഴി നല്‍കിയത്.


