- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി; വിചാരണ നേരിടണം; ഉപഹര്‍ജി തള്ളിയത് സുരേഷ് ഗോപിക്ക് തിരിച്ചടി; സ്വാഗതാര്‍ഹമെന്ന് വി.എസ്. സുനില്‍കുമാര്‍

കൊച്ചി: തൃശ്ശൂര്‍ ലോക്സഭാംഗവും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി തള്ളിയ കോടതി, അദ്ദേഹം വിചാരണ നേരിടണമെന്ന് വ്യക്തമാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഈ ഉത്തരവ്. എഐവൈഎഫ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റും സിപിഐ നേതാവുമായ എ.എസ്. ബിനോയ് ആണ് ഹര്‍ജി നല്‍കിയത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സുരേഷ് ഗോപി മതചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും മതവികാരം ഇളക്കിവിട്ട് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ വിജയം റദ്ദാക്കണമെന്നുമാണ് ഹര്ജിക്കാരന് ആവശ്യപ്പെടുന്നത്. ഇതിന് ആസ്പദമായ ചിത്രങ്ങളും ദൃശ്യങ്ങളും അടക്കമുള്ള തെളിവുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഈ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വാദം. ഈ സാങ്കേതിക വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കേസില്‍ വിശദമായ വിചാരണ വേണമെന്ന് കോടതി ഉത്തരവിട്ടത്.
ഹൈക്കോടതിയുടെ ഈ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ്. സുനില്‍കുമാര്‍ പ്രതികരിച്ചു. മതത്തെ ദുരുപയോഗം ചെയ്തും വോട്ടര്‍മാര്‍ക്ക് പണവും ഉപഹാരങ്ങളും നല്‍കിയുമാണ് സുരേഷ് ഗോപി പ്രചാരണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണങ്ങള്‍ ശരിവെക്കുന്ന എല്ലാ തെളിവുകളും കോടതിക്ക് മുന്‍പാകെ ഉണ്ടെന്നും തുടര്‍ന്നുള്ള നിയമനടപടികളില്‍ അനുകൂലമായ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കേരളത്തില്‍ നിന്ന് ആദ്യമായി ബിജെപിക്ക് വേണ്ടി സുരേഷ് ഗോപി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.


