ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പേരൂര്‍ കവലയിലെ കടകളില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്ന് നില കെട്ടിടം ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. പുലര്‍ച്ചെ 1.30-ഓടെ കൊച്ചുപുരയ്ക്കല്‍ ട്രേഡേഴ്‌സിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി ബ്യൂട്ടി ക്ലിനിക്കിലാണ് ആദ്യം തീ പടര്‍ന്നത്. നിമിഷങ്ങള്‍ക്കകം തീ ആളിപ്പടരുകയും സമീപത്തെ പുകയില കടയിലേക്കും സല്‍ക്കാര ഹോട്ടലിലേക്കും വ്യാപിക്കുകയുമായിരുന്നു.

കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന ഹോട്ടല്‍ തൊഴിലാളികള്‍ പുക ശ്വസിച്ച് ഉണര്‍ന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. പാചകത്തൊഴിലാളിയായ നടരാജും രണ്ട് അതിഥി തൊഴിലാളികളും സാഹസികമായാണ് കെട്ടിടത്തിന് പുറത്തെത്തിയത്. പുകയില കടയിലെ പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉല്‍പ്പന്നങ്ങളും റൂഫും ഫര്‍ണിച്ചറുകളും തീയില്‍ പൂര്‍ണ്ണമായും ചാരമായി. കോട്ടയത്തുനിന്നെത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബ്യൂട്ടി പാര്‍ലറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമികമായി കരുതപ്പെടുന്നു.

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് വിലയിരുത്തല്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എന്‍. വാസവന്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണ നടപടികള്‍ ഏകോപിപ്പിച്ചു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ കൃത്യമായ നാശനഷ്ടം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.