- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണക്കാരുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുമ്പോഴും കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് നടത്തുന്ന ഈ സ്വത്ത് സമ്പാദനം രാഷ്ട്രീയ ജീര്‍ണ്ണതയുടെ തെളിവ്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ചെറിയാന് ഫിലിപ്പ്

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഹൗസായി സിപിഎം മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. തിരുവനന്തപുരം നഗരമധ്യത്തില്‍ ശതകോടികള്‍ മുടക്കി നിര്‍മ്മിച്ച പുതിയ എകെജി സെന്റര്‍ ഇന്ത്യയിലെ ഒരു പ്രമുഖ കോര്‍പ്പറേറ്റ് ഭീമന്റെ കാണിക്കയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ നിന്ന് സിപിഎം ഇപ്പോള്‍ ഒരു വാണിജ്യ സ്ഥാപനമായി അധഃപതിച്ചിരിക്കുകയാണെന്നും ചെറിയാന് ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
ബക്കറ്റ് പിരിവിലൂടെയും കൂപ്പണ്‍ പിരിവിലൂടെയുമാണ് പാര്‍ട്ടി ഓഫീസുകള്‍ നിര്‍മ്മിച്ചതെന്ന അവകാശവാദം പച്ചക്കള്ളമാണ്. അഴിമതിയുടെ നിത്യസ്മാരകങ്ങളാണ് ഓരോ പാര്‍ട്ടി മന്ദിരങ്ങളുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തലം മുതല്‍ ബ്രാഞ്ച് തലം വരെയുള്ള ബഹുനില മന്ദിരങ്ങള്‍, സിഐടിയു, ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ പോഷക സംഘടനകളുടെ ഓഫീസുകള്‍, പഠന കേന്ദ്രങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയിലൂടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകളാണ് സിപിഎം കരസ്ഥമാക്കിയിട്ടുള്ളത്.
സാധാരണക്കാരുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുമ്പോഴും കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് നടത്തുന്ന ഈ സ്വത്ത് സമ്പാദനം രാഷ്ട്രീയ ജീര്‍ണ്ണതയുടെ തെളിവാണെന്നും ചെറിയാന് ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഈ വിഷയം സജീവ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.


