- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കര്‍മ്മ ആരെയും വെറുതെ വിടില്ല, വേട്ടക്കാര്‍ ജയിലിലാവുക തന്നെ വേണം' ; സംവിധായകന് രഞ്ജിത്തിനെതിരെ ആദ്യ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച ബംഗാളി നടിയുടെ പ്രതികരണം ഇങ്ങനെ

ന്യൂഡല്‍ഹി: 'കര്‍മ്മ ആരെയും വെറുതെ വിടില്ല, വേട്ടക്കാര്‍ ജയിലിലാവുക തന്നെ വേണം' - സംവിധായകന് രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പണ്ട് അദ്ദേഹത്തിനെതിരെ ആദ്യമായി ലൈംഗികാതിക്രമ പരാതി ഉന്നയിച്ച ബംഗാളി നടി. പുതിയ പീഡനക്കേസില്‍ രഞ്ജിത്ത് പിടിയിലായതോടെ താന്‍ പറഞ്ഞത് സത്യമാണെന്ന് ലോകത്തിന് ബോധ്യപ്പെട്ടുവെന്നും രഞ്ജിത്ത് ഒരു നല്ല മനുഷ്യനല്ലെന്ന് തെളിഞ്ഞുവെന്നും നടി പറഞ്ഞു. ഇപ്പോള്‍ പരാതിയുമായി മുന്നോട്ട് വന്ന യുവനടിയോട് നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2009-ല്‍ 'പാലേരി മാണിക്യം' സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയ വിവരം 2024-ലാണ് നടി വെളിപ്പെടുത്തിയത്. എന്നാല്‍, 15 വര്‍ഷത്തെ കാലതാമസം എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതി ഈ കേസ് റദ്ദാക്കിയിരുന്നു. തനിക്ക് നീതി ലഭിച്ചില്ലെങ്കിലും പുതിയ കേസിലെ അറസ്റ്റ് ആശ്വാസം നല്‍കുന്നുവെന്ന് നടി വ്യക്തമാക്കി.
ബംഗാളി നടിയുടെ പരാതിക്ക് പുറമെ, 2012-ല്‍ ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവും പരാതി നല്‍കിയിരുന്നു. 'ബാവുട്ടിയുടെ നാമത്തില്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് പരിചയപ്പെട്ട ശേഷം വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു യുവാവിന്റെ മൊഴി. എന്നാല്‍ ഈ കേസിലും 12 വര്‍ഷത്തെ കാലതാമസം ചൂണ്ടിക്കാട്ടി 2025 ജൂലൈയില്‍ കര്‍ണാടക ഹൈക്കോടതി നടപടികള്‍ റദ്ദാക്കി.
തുടര്‍ച്ചയായ രണ്ട് കേസുകള്‍ സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കപ്പെട്ടെങ്കിലും മൂന്നാമത്തെ പരാതിയില്‍ രഞ്ജിത്തിന് പിഴച്ചു. ജനുവരി 9-ന് ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റിലെ കാരവാനില്‍ വെച്ച് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്. ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ബിഎന്‍എസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മുന്‍ കേസുകളില്‍ നിന്ന് വ്യത്യസ്തമായി, അതിക്രമം നടന്ന ഉടന്‍ തന്നെ പരാതി നല്കിയതും ശാസ്ത്രീയ തെളിവുകളുടെ ലഭ്യതയുമാണ് ഇത്തവണ രഞ്ജിത്തിനെ കുടുക്കിയത്.


