കുവൈത്ത് സിറ്റി: കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള മിന അല്‍ അഹ്‌മദി റിഫൈനറിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണം നടന്നതായി കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ (ഗജഇ) അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് റിഫൈനറിയിലെ വിവിധ പ്രവര്‍ത്തന യൂണിറ്റുകളില്‍ തീപിടുത്തമുണ്ടായി. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും എമര്‍ജന്‍സി വിഭാഗവും തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രണവിധേയമാക്കിയതായി കുവൈറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ജീവനക്കാരുടെ സുരക്ഷയും പ്ലാന്റിന്റെ സുരക്ഷയും ഉറപ്പാക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെയാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.