തൃശൂര്‍: കുന്നംകുളം-പട്ടാമ്പി റോഡില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പറേംപാടം വിക്ടറി ബാറിന് സമീപം വെച്ചായിരുന്നു സംഭവം. ബസിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടയുടനെ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തതിനാല്‍ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.

കെഎസ്ആര്‍ടിസിയുടെ അഡീഷണല്‍ സര്‍വീസ് ആയി ഓടിക്കൊണ്ടിരുന്ന ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസിനുള്ളില്‍ കുറഞ്ഞ എണ്ണം യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പുക ഉയര്‍ന്നതോടെ ജാഗ്രത പാലിച്ച ജീവനക്കാര്‍ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബസ് ജീവനക്കാര്‍ ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ അതിവേഗം തീ നിയന്ത്രണവിധേയമാക്കി. ബസിന്റെ എന്‍ജിന്‍ ഭാഗത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരുടെ കൃത്യസമയത്തുള്ള ഇടപെടലും ജീവനക്കാരുടെ സമയോചിതമായ നീക്കവുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. സംഭവത്തെത്തുടര്‍ന്ന് കുന്നംകുളം-പട്ടാമ്പി റോഡില്‍ അല്‍പ്പസമയം ഗതാഗതം തടസ്സപ്പെട്ടു.