കൊച്ചി: ആകാശവാണിയിലെ പ്രിയപ്പെട്ട 'ബാലേട്ടന്റെ' മകനില്‍ നിന്ന് മലയാള സിനിമയിലെ സമാനതകളില്ലാത്ത സുല്‍ത്താനിലേക്കുള്ള വളര്‍ച്ച; ഒടുവില്‍ പീഡനക്കേസില്‍ അഴിക്കുള്ളിലേക്ക്. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് കരുമലയില്‍ നിന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം വരെ എത്തിയ രഞ്ജിത്തിന്റെ സിനിമാ ജീവിതം നാടകീയമായ ഒരു തിരക്കഥ പോലെ അവസാനിക്കുന്നു. 'ഒരു മേയ് മാസപ്പുലരിയില്‍' തുടങ്ങി പീഡനക്കേസിലെ അറസ്റ്റില്‍ എത്തിനില്‍ക്കുമ്പോള്‍, അത് മലയാള സിനിമയിലെ ഒരു കരുത്തനായ പുരുഷ ബിംബത്തിന്റെ തകര്‍ച്ച കൂടിയാവുകയാണ്. പീഡന കേസില്‍ രഞ്ജിത് റിമാന്‍ഡിലായി. ഇത് സിനിമാ ലോകത്തിനും ഞെട്ടലായി.

ആകാശവാണി കോഴിക്കോട് നിലയത്തിലെ നാടകങ്ങളിലൂടെയും കുട്ടികളുടെ പ്രോഗ്രാമിലൂടെയും മലയാളിക്ക് സുപരിചിതനായ ബാലകൃഷ്ണന്‍ കരുമലയുടെ മകനായാണ് രഞ്ജിത്തിന്റെ തുടക്കം. സംവിധായകന്‍ കമലാണ് രഞ്ജിത്തിനെ സിനിമാപാഠങ്ങള്‍ പഠിപ്പിച്ചത്. എന്നാല്‍ ഐ.വി. ശശിയുടെ 'ദേവാസുരം' രഞ്ജിത്തിന്റെ ജാതകം മാറ്റി. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ആണ്‍കരുത്തിന്റെ പ്രതീകത്തെ മലയാളി നെഞ്ചേറ്റിയതോടെ രഞ്ജിത്ത് എന്ന തിരക്കഥാകൃത്ത് സൂപ്പര്‍താരമായി. നടന്‍ അഗസ്റ്റിന്‍ എന്ന ആത്മമിത്രമായിരുന്നു രഞ്ജിത്തിനെ സിനിമാ പവര്‍ ഗ്രൂപ്പുകളില്‍ കൃത്യമായി പൊസിഷന്‍ ചെയ്തത്. ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികയും രഞ്ജിത്തിന് കരുത്തായി. എന്നാല്‍ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ തനിക്ക് തണലായ ഗിരീഷ് പുത്തഞ്ചേരിയെയും സ്വര്‍ഗ്ഗചിത്ര അപ്പച്ചനെയും തള്ളിപ്പറഞ്ഞ 'ധിക്കാരി' എന്ന പേരും രഞ്ജിത്ത് സമ്പാദിച്ചു.

മാസ് സിനിമകളില്‍ നിന്ന് ക്ലാസിക് സിനിമകളിലേക്കുള്ള രഞ്ജിത്തിന്റെ പരിണാമം അത്ഭുതകരമായിരുന്നു. നരസിംഹവും രാവണപ്രഭുവും എഴുതിയ തൂലികയില്‍ നിന്ന് തന്നെ നന്ദനവും പാലേരി മാണിക്യവും പ്രാഞ്ചിയേട്ടനും പിറന്നു. പത്മരാജന് ശേഷം മലയാളത്തില്‍ നായക സങ്കല്‍പ്പങ്ങള്‍ക്ക് പ്രത്യേക മാനങ്ങള്‍ നല്‍കിയ രഞ്ജിത്ത്, മമ്മൂട്ടിയും മോഹന്‍ലാലും ഡേറ്റിനായി കാത്തുനില്‍ക്കുന്ന വമ്പനായി മാറി. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. എങ്കിലും സിനിമാ ജീവിതത്തിനിടയില്‍ പല നടിമാരുമായും ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒന്നിനും സ്ഥിരീകരണമുണ്ടായിരുന്നില്ല. ഒരു പഴയ കാല നടിയില്‍ കുട്ടിയുണ്ടെന്ന് പോലും പ്രചരണമെത്തി. എന്നാല്‍ ഇതൊന്നും ആരും എവിടേയും സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ബംഗാളി നടിയുടെ വെളിപ്പെടുത്തലില്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനം തെറിച്ച രഞ്ജിത്തിനെ ഒടുവില്‍ കുടുക്കിയത് ജനുവരിയില്‍ യുവനടിക്ക് നേരെയുണ്ടായ പീഡനശ്രമമാണ്. രക്ഷപ്പെടാന്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ രഹസ്യ നീക്കത്തിന് മുന്നില്‍ ആ 'മാസ്' ഡയലോഗുകള്‍ക്കൊന്നും രക്ഷയുണ്ടായില്ല. നിലവില്‍ അഴിക്കുള്ളിലായ രഞ്ജിത്ത്, മലയാള സിനിമയിലെ വലിയൊരു അധികാര യുഗത്തിന്റെ ദയനീയ അന്ത്യത്തെയാണ് സൂചിപ്പിക്കുന്നത്. സ്വന്തം അമ്മാവന്റെ മകളാണ് രഞ്ജിത്തിന്റെ ഭാര്യ.

സംവിധായകന്‍ കമലിനോടൊപ്പം കഥയെഴുതി സിനിമയില്‍ പ്രവേശിച്ച രഞ്ജിത്, പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ തിരക്കഥയൊരുക്കി വന്‍ സൂപ്പര്‍ഹിറ്റുണ്ടാക്കി. മേയ് മാസ പുലരിയില്‍ എല്ലാ അര്‍ത്ഥത്തിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഐവി ശശിയുടെ ദേവാസുരത്തിലൂടെ, ജയരാജിന്റെ ജോണിവാക്കര്‍ എന്നെ ചിത്രങ്ങളിലൂടെ പ്രശസ്തനായി. ഇവിടെവച്ചാണ് ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ട് ഉണ്ടാവുന്നത്. ഗിരീഷ് രഞ്ജിത്തിന്റെ തിരക്കഥകളില്‍ വലിയ ഒരു സംഭാവന നല്‍കിയ ആളാണ്. പിന്നീട് അവര്‍ മാനസികമായി അകന്നു. ഒരുകാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഉപേക്ഷിച്ച ആള്‍ പിന്നീട് അവര്‍ അദ്ദേഹത്തിനു വേണ്ടി കാത്തുനില്‍ക്കേണ്ട അവസ്ഥ വന്നു.

സിനിമയില്‍ നിന്നും തീര്‍ത്തും ഔട്ടായി എന്ന് കരുതുന്ന ഒരു സാഹചര്യത്തിലാണ് അവസരവംശം എന്ന ഷാജി കൈലാസ് ചിത്രത്തിലൂടെ വീണ്ടും വരുന്നത്. പിന്നീട് അവര്‍ ഒരുമിച്ച് ആറാം തമ്പുരാന്‍, നരസിംഹം പോലുള്ള സൂപ്പര്‍ ഹിറ്റുകള്‍. മലയാള സിനിമയില്‍ പത്മരാജന് ശേഷം ആണത്തമുള്ള പ്രത്യേകതരത്തിലുള്ള ഒരു നായക സങ്കല്പം ഉണ്ടാക്കിയെടുത്തു. ഈ ചിത്രങ്ങളുടെയൊക്കെ നിര്‍മ്മാതാവായ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്റെ സാമ്പത്തിക പിന്‍ബലത്തോടെയാണ് വളര്‍ന്നത്. പിന്നീട് അപ്പച്ചന്റെ ഒരു ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശത്രുതയിലായി.

രഞ്ജിത്തിന്റെ സംവിധാന അരങ്ങേറ്റചിത്രമായിരുന്നു 2001-ല്‍ പുറത്തിറങ്ങിയ രാവണപ്രഭു. മോഹന്‍ലാലിന്റെ 1993-ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ദേവാസുര'ത്തിന്റെ തുടര്‍ച്ചയായി പുറത്തിറങ്ങിയ രാവണപ്രഭു പിന്നീട്് റീ റിലീസ് ചെയ്തത്. അഡ്വാന്‍സ് ബുക്കിങ്ങില്‍ തന്നെ കളക്ഷനുകള്‍ വാരിക്കൂട്ടിയ ചിത്രം ബോക്‌സ് ഓഫീസിലും കുതിക്കുമെന്നുറപ്പായിരുന്നു. ഇതിനിടയില്‍ ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ നിന്നും ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു. ദേവാസുരം, സമ്മര്‍ ഇന്‍ ബേത്ലഹേം, നരസിംഹം, ആറാം തമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് നന്ദനം, മിഴി രണ്ടിലും, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപ്പി തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു.

മലയാള സിനിമയില്‍ വലിയൊരു ആരാധകവൃന്ദത്തെയും അതുപോലെ തന്നെ കടുത്ത വിമര്‍ശകരെയും ഒരേസമയം സമ്പാദിച്ച അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് രഞ്ജിത്. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ സിനിമായാത്രയെ എന്നും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.