തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് അകാല ചരമം ആയതോടെ ആ മഞ്ഞക്കുറ്റികള്‍ ഇനി പിഴുതെറിയാം. തിരുവനന്തപുരം-കാസര്‍കോട് അര്‍ധഅതിവേഗ തീവണ്ടിപ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള സ്ഥലമേറ്റടുക്കല്‍ വിജ്ഞാപനം റദ്ദായതോടെ ഭൂ ഉടമകള്‍ക്ക് ഇനി മഞ്ഞക്കുറ്റികള്‍ നീക്കാം. കേന്ദ്രാനുമതി നിഷേധിക്കപ്പെടുകയും സംസ്ഥാന സര്‍ക്കാര്‍ ബദല്‍ റെയില്‍ പദ്ധതിയായ റീജണല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം പ്രഖ്യാപിക്കുകയും ചെയ്തതോടെ സില്‍വര്‍ലൈന്‍ ഉയര്‍ത്തിയ ഭൂമി ഏറ്റെടുക്കല്‍ ആശങ്കകള്‍ ഇതോടെ ഒഴിയുകയാണ്.

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പദ്ധതിക്കായി നടത്തിയ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ണമായും റദ്ദായിട്ടുണ്ട്. സ്ഥലമേറ്റെടുക്കലിലേക്ക് കടന്നിരുന്നില്ലെന്നാണ് കെ-റെയിലിന്റെയും ഔദ്യോഗിക വിശദീകരണം. സാമൂഹിക ആഘാതപഠനം നടത്താന്‍ അതിര്‍ത്തി നിശ്ചയിക്കാനാണ് മഞ്ഞക്കുറ്റികള്‍ നാട്ടിയത്.

2022-ലെ അതിര്‍ത്തിനിര്‍ണയവും അതിര്‍ത്തി നിശ്ചയിക്കലും ഇതോടെ അസാധുവായി. സില്‍വര്‍ലൈന്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ വിശദപദ്ധതിരേഖ ഒഴികെയുള്ളവ വീണ്ടും ചെയ്യേണ്ടിവരും. കേന്ദ്രം എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ അതിന് സാധ്യതയില്ല. അതിരടയാള നിയമപ്രകാരം റവന്യൂവകുപ്പ് ഇറക്കിയ വിജ്ഞാപനത്തിന് പരമാവധി ഒരുവര്‍ഷ കാലാവധിയാണ് ഉണ്ടായിരുന്നത്. ഇതിനുള്ളില്‍ പഠനം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അസാധുവാകുന്നതാണ് ഈ വിജ്ഞാപനം.

ഹിയറിങ് നടത്തി പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും വേണം. ഇതിനുശേഷമാണ് ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഉത്തരവിറക്കേണ്ടത്. ഈ നടപടിക്രമം സില്‍വര്‍ലൈനിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. പുതിയപദ്ധതിക്ക് സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റും പരിഗണനയിലുണ്ട്. ഉയരപ്പാതയില്‍ നിര്‍ദേശിച്ച റാപ്പിഡ് റെയിലിന് സില്‍വര്‍ലൈന്‍ പോലെ സ്ഥലം വേണ്ടിവരില്ല. പാതയ്ക്ക് ഇരുവശത്തും ബഫര്‍ സോണും കുറവായിരിക്കും.

റെയില്‍വേയും സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റില്‍ കണ്ണുവെച്ചിട്ടുണ്ട്. കേരളത്തിലെ മൂന്നും നാലും പാതകള്‍ ഇതുവഴിയാകാമെന്നാണ് റെയില്‍വേയുടെ നിര്‍ദേശം. സംസ്ഥാനം സ്ഥലമേറ്റെടുത്തുനല്‍കണമെന്ന നിബന്ധനയാണ് റെയില്‍വേക്കുള്ളത്. ഇതിനോട് സംസ്ഥാനസര്‍ക്കാരിന് വിയോജിപ്പുണ്ട്.

അതിനിടെ അതിവേഗ റയില്‍വേയുമായി മുന്നോട്ടു പോകുകയാണ് ഇ ശ്രീധരന്‍. കേസുമായി ബന്ധപ്പെട്ട് ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലെത്തുന്നു. ഫെബ്രുവരി 15 ന് മലപ്പുറത്താണ് ആദ്യയോഗം വിളിക്കുന്നത് പിന്നാലെ ഇ. ശ്രീധരന്‍ നിര്‍ദേശിക്കുന്ന അതിവേഗ റയില്‍വേലൈന്‍ കടന്നു പോവുന്ന വിവിധ സ്ഥലങ്ങളിലുളള നാട്ടുകാരെ കാണുകയാണ് ലക്ഷ്യം.

ഇ. ശ്രീധരന്‍ നിര്‍ദേശിച്ച അതിവേഗപാത കടന്നു പോവുന്ന നിലവില്‍ നിലവില്‍ റയില്‍വേ ലൈനില്ലാത്ത മലപ്പുറത്താണ് ആദ്യമെത്തുന്നത്. ജനങ്ങളുടെ ആശയങ്ങളും ആശയക്കുഴപ്പവും സ്വപ്നങ്ങളുമെല്ലാം ഇ ശ്രീധരന്‍ അടങ്ങുന്ന സംഘവുമായി പങ്കുവയ്ക്കാം. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നാട്ടുകാര്‍ക്ക് ഉത്തരം നല്‍കുകയാണ് ലക്ഷ്യം പദ്ധതിയോട് ഏറ്റവും താല്‍പര്യം കാട്ടുന്ന മലപ്പുറത്തും പിന്നാലെ കരിപ്പൂരിലുമായിരിക്കും ആദ്യയോഗങ്ങള്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ച്ചാത്തലത്തില്‍ കൂടിയാണ് തുറന്ന ചര്‍ച്ചക്ക് വേദി ഒരുക്കുന്നത്.

കേരളത്തില്‍ അതിവേഗ റയില്‍വേ ലൈന്‍ പദ്ധതി നടപ്പാക്കാനുളള ഡിപിആര്‍ തയ്യാറാക്കാന്‍ ഇ. ശ്രീധരനെ കേന്ദ്രം ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നതിനിടെയാണ് ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ സംവാദപരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 25 മീറ്റര്‍ വീതിയിലുമാണ് പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കേണ്ടത്.