തിരുവല്ല: കണ്ടല്‍ക്കാടുകളുടെയും കടല്‍പ്പുല്‍നിലങ്ങളുടെയും സംരക്ഷണം സംബന്ധിച്ച പഠനത്തിന് മലയാളി യുവതിക്ക് മേരി ക്യൂറി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്. തിരുവല്ല പൊടിയാടി സ്വദേശിനിയായ ഡോ. നവ്യ വിക്രമന്‍ നായര്‍ക്കാണ് 2.5 കോടി രൂപയുടെ മേരിക്യൂറി ഫെലോഷിപ്പ് ലഭിച്ചത്. 96.40 ഇവാല്യുവേഷന്‍ സ്‌കോറോടെയാണ് പുരസ്‌കാര നിര്‍ണയസമിതി നവ്യയെ തിരഞ്ഞെടുത്തത്. സ്‌പെയിനിലെ യൂണിവേഴ്‌സിറ്റി ഓഫ് സാന്റിയാഗോ ദേ കംപോസ്റ്റെല, ജര്‍മനിയിലെ ലീബ്‌നിസ് സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ മറൈന്‍ റിസര്‍ച് എന്നീ സ്ഥാപനങ്ങളിലായാകും ഗവേഷണം.

പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി സാമ്പത്തികശാസ്ത്രം, തദ്ദേശീയ പരിസ്ഥിതിസംരക്ഷണ മാര്‍ഗങ്ങള്‍ എന്നിവ സമന്വയിപ്പിച്ചാണ് നവ്യയുടെ പഠനം നടക്കുക. പ്രളയം, തീരശോഷണം, മത്സ്യബന്ധനത്തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിങ്ങനെ ഇന്നത്തെ കേരളം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളാണ് ഇവിടെ ജനിച്ചുവളര്‍ന്നയാളെന്ന നിലയില്‍ തന്നെ ഈ ഗവേഷണപഠനത്തിലേക്ക് എത്തിച്ചതെന്നു നവ്യ പറയുന്നു. വെല്ലുവിളികള്‍ നേരിട്ടാണ് പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിലേക്കു നവ്യ ഇറങ്ങിത്തിരിച്ചത്. ആദ്യം ലഭിച്ച സ്‌കോളര്‍ഷിപ് മുടങ്ങിപ്പോയി. പിന്നീടാണ് മേരി ക്യൂറി ഫെലോഷിപ് ലഭിച്ചത്.

സിവില്‍ എന്‍ജിനീയറിങ് ബിടെക്കിനു ശേഷം എംടെക്കിന് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ് തിരഞ്ഞെടുത്തു. പരിസ്ഥിതിസൗഹൃദ വികസനം, മലിനജല സംസ്‌കരണം എന്നിവയായിരുന്നു ഇഷ്ടപ്പെട്ട വിഷയങ്ങള്‍. തുടര്‍പഠനത്തിനായി പഠനത്തിനായി കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാലയിലെത്തി. അവിടെനിന്ന് വാട്ടര്‍ സസ്റ്റെയ്‌നബിലിറ്റി മാനേജ്‌മെന്റില്‍ മറ്റൊരു മാസ്റ്റേഴ്‌സ് നേടി. ഒഡീഷയിലെ തീരദേശ തണ്ണീര്‍ത്തടങ്ങളിലെ പരമ്പരാഗത സംരക്ഷണ രീതികളെക്കുറിച്ചുള്ള പഠനത്തില്‍ അവിടെനിന്നുതന്നെ പിഎച്ച്ഡിയും കരസ്ഥമാക്കി.

പ്രകൃതിസൗഹൃദ അടിസ്ഥാനസൗകര്യ വികസനം, സമുദ്രമേഖലാസംരക്ഷണം, പരിസ്ഥിതി കൗണ്‍സലിങ് തുടങ്ങിയവയൊക്കെ ഇന്നത്തെ പരിസ്ഥിതിപഠനത്തിന്റെ പരിധിയില്‍ വരുന്നു. നമ്മുടെ താല്‍പര്യവും ലോകത്തിന്റെ പരിസ്ഥിതി ആവശ്യങ്ങളും സംയോജിപ്പിക്കുന്നിടത്താണ് പരിസ്ഥിതി ഗവേഷണം പ്രസക്തമാകുന്നത്. തീര്‍ത്തും തദ്ദേശീയമായ കാര്യങ്ങളില്‍പോലും രാജ്യാന്തര ഗവേഷണത്തിന് ഇന്നു വലിയ പ്രസക്തിയുണ്ടെന്ന് നവ്യ പറയുന്നു. പ്രവാസിയായിരുന്ന തിരുവല്ല പൊടിയാടി നവഗീതത്തില്‍ വിക്രമന്‍ നായരുടെയും റിട്ട. അധ്യാപിക ഗീതാദേവിയുടെയും മകളാണ് നവ്യ. ഭര്‍ത്താവ്: എബി എം. ഫിലിപ്.