ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സിപിഎം-ബിജെപി ഡീല്‍ ആരോപണം കടുപ്പിച്ചു കോണ്‍ഗ്രസ് വീണ്ടും. രാഹുല്‍ ഗാന്ധി അടക്കം ആരോപണം കടുപ്പിച്ചു രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഡീല്‍ ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം കടുപ്പിച്ചാണ് കെ സി വേണുഗോപാല്‍ രംഗത്തെത്തിയത്.

ബി.ജെ.പിയുമായി ഡീലുണ്ടാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് തവണ ഡല്‍ഹിയിലെത്തിയെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. മനോരമ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വേണുഗോപാല്‍ മുഖ്യമന്ത്രിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. രഹസ്യകേന്ദ്രത്തിലെത്തിയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷായെയും നിര്‍മല സീതാരാമനയെും കണ്ടത് ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം ഡീല്‍ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നു. 2021ല്‍ എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടിയത് ബിജെപിയുമായുള്ള ഡീലിലൂടെയാണെന്നും ഇത്തവണയും ഈ ഡീല്‍ ആവര്‍ത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്താകെ വോട്ട് കച്ചവടമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം എസ്ഡിപിഐയെ കൂട്ടുപിടിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.

അധികാരം നഷ്ടമാകുമെന്ന ഭയമാണ് അവരെ ഇത്തരത്തില്‍ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. ഏതുവിധേനയും അധികാരം പിടിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുകയാണ്. അഭിമന്യുവിനെ കൊന്നവരെ പിണറായി കൂട്ട് പിടിക്കുകയാണ്. അഭിമന്യുവിന്റെ അമ്മയുടെ കരച്ചില്‍ ഇപ്പോഴും മുഴങ്ങുന്നു. രണ്ട് വോട്ടിനു വേണ്ടി ഏത് ചെറ്റത്തരം കാണിക്കാനും മടിയില്ലെന്ന് പിണറായി തെളിയിക്കുകയാണ്. 2021 ഇല്‍ തന്നെ പിണറായി ബിജെപിയുമായി ധാരണയുണ്ടാക്കി.

കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവര്‍ ഒന്നിച്ചു. ട്വന്റി20ക്ക് അധിക സീറ്റ് കൊടുത്തത് ഡീലിന്റെ ഭാഗമാണ്. ട്വന്റി 20 സ്ഥാനാര്‍ത്ഥികളെ ആര്‍ക്കും അറിയില്ല. സംസ്ഥാനത്താകെ വോട്ട് കച്ചടവമാണ് നടക്കുന്നത്. ഭരണം മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമാണ്. 100 സീറ്റിലധികം അധികം യുഡിഎഫ് നേടും. ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. അതിനെ തടയിടാനാണ് മുഖ്യമന്ത്രി വര്‍ഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷക്കാലം കേരളത്തില്‍ ഇരുണ്ട കാലമായിരുന്നു. മുഖ്യമന്ത്രി പോലും വികസനം ചര്‍ച്ച ചെയ്യുന്നില്ല. ഒരു വന്‍കിട പദ്ധതിയും കേരളീയത്തില്‍ ഉണ്ടായില്ല.

പലയിടത്തും അക്രമം ഉണ്ടാക്കാന്‍ സിപിഎം ശ്രമം നടക്കുകയാണ്. പലയിടത്തും ഓഫീസുകള്‍ തകര്‍ക്കുകയാണ്. ന്യായമല്ലാത്ത കാര്യങ്ങളാണ് സിപിഎം ചെയ്യുന്നത്. വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ സിപിഎം ഒരുങ്ങുകയാണ്. മുഖ്യമന്ത്രി എസ്ഡിപിഐയെ തള്ളുന്നില്ല. മോദിയുടെയും പിണറായിയുടെയും പ്രസംഗം ഒന്നാണ്. എസ്ഡിപിഐയോട് സഹകരിക്കേണ്ടെന്നാണ് യുഡിഎഫ് നിലപാട്. മണ്ഡലത്തില്‍ പ്രചാരണത്തിലായതിനാലാണ് യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിയില്‍ പോകാന്‍ കഴിയാഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം കാണ്‍ഗ്രസിന്റെ ബിജെപി ബന്ധം മറയ്ക്കാനാണ് അവര്‍ സിപിഎം- ബിജെപി ഡീല്‍ എന്ന ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിച്ചത് യുഡിഎഫ്- ബിജെപി ധാരണയിലാണ്. കൊല്ലം കോര്‍പറേഷനിലും ബിജെപിയും കോണ്‍ഗ്രസും പരസ്പരം സഹായിച്ചു. തൃശൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത് കണ്ടതാണ്. മറ്റത്തൂര്‍ പഞ്ചായത്തില്‍ ഇപ്പോഴും ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് ഭരിക്കുകയാണ്. ഇതെല്ലാം മറച്ചുവയ്ക്കാനാണ് വ്യാജ ആരോപണം.

വര്‍ഗീയശക്തികളുമായി സിപിഎമ്മിന് ബന്ധമില്ല. എസ്ഡിപിഐയുമായി ധാരണയോ ചര്‍ച്ചയോ നീക്കുപോക്കോ ഉണ്ടായിട്ടില്ല. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസും ലീഗും അഭ്യര്‍ഥിച്ചതിന്റെഫലമായി എസ്ഡിപിഐ പത്രിക പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ആര്‍ക്ക് വോട്ടുചെയ്യുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. എസ്ഡിപിഐയുടെ ചില നിലപാടുകള്‍ ആര്‍എസ്എസിന് ന്യായീകരണം നല്‍കുന്നതാണ്. ജമാഅത്തെ ഇസ്ലാമിയും അതുപോലെയാണ്. മതരാഷ്ട്ര വാദമാണ് ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്നത്. ബിജെപിക്ക് കേരളത്തില്‍ അ ക്കൗണ്ട് തുറക്കാന്‍ കഴിയില്ല. യുഡിഎഫിന് അധികാരമില്ലാതെ നില്‍ക്കാനാകാത്ത അവസ്ഥയാണെന്നും എം എ ബേബി പറഞ്ഞു.