രാമനാട്ടുകര: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന നയങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍.ജെ.ഡി. ദേശീയ വര്‍ക്കിങ് പ്രസിഡന്റുമായ തേജസ്വി യാദവ്. ബേപ്പൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ നിരന്തരമായ അവഗണനകള്‍ക്കിടയിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പ്രശംസിച്ചു.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കേരളം ഒന്നാമത് നില്‍ക്കുമ്പോള്‍, ബി.ജെ.പി. ദീര്‍ഘകാലം ഭരിച്ച ബിഹാര്‍ ഇപ്പോഴും ദാരിദ്ര്യത്തിലും പിന്നാക്കാവസ്ഥയിലുമാണ്. ബിഹാര്‍ എന്നെങ്കിലും കേരളത്തെപ്പോലെ വികസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും തേജസ്വി പറഞ്ഞു. മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റായിരുന്ന കാലത്ത് രാജ്യമൊട്ടാകെ യുവജന പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ റിയാസ് കാണിച്ച ആര്‍ജ്ജവം യുവരാഷ്ട്രീയത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍ നടക്കുന്നത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ്. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കി. എന്നാല്‍, ദുരന്തകാലത്ത് പോലും അര്‍ഹമായ സഹായങ്ങള്‍ നല്‍കാതെ മോദി സര്‍ക്കാര്‍ കേരളത്തെ ഞെരുക്കാനാണ് ശ്രമിച്ചത്. ഈ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന എല്‍.ഡി.എഫിന്റെ വിജയം നാടിന്റെ അനിവാര്യതയാണെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതില്‍ സംശയമില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

പാവപ്പെട്ടവരോടുള്ള കരുതല്‍ മുതല്‍ മൂലധന നിക്ഷേപത്തിലെ വര്‍ദ്ധന വരെ കേരളത്തിന്റെ മാറ്റത്തെ അടയാളപ്പെടുത്തുന്നു. കോവിഡ് കാലത്തെ അതിജീവനം ലോകത്തിന് തന്നെ മാതൃകയായിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ബി.ജെ.പിക്ക് മണ്ണില്‍ കാലുകുത്താന്‍ ഇടം നല്‍കാത്ത കേരളത്തിന്റെ നിലപാട് രാജ്യത്തിന് വഴികാട്ടിയാണെന്നും തേജസ്വി പറഞ്ഞു. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ വീണ്ടും എത്തുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.