ലാഹോര്‍: ലോക ക്രിക്കറ്റിലെ 'കോമാളികള്‍' എന്ന പേര് പാക്കിസ്ഥാന്‍ ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുകയാണ്. ഐസിസി ട്വന്റി-20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉരുണ്ടു കളിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB). ഏറ്റവും ഒടുവിലായി, ഓസീസിനെതിരായ മത്സരത്തിന് പിന്നാലെ നടക്കേണ്ടിയിരുന്ന ലോകകപ്പ് കിറ്റ് ലോഞ്ച് ചടങ്ങും പാക്കിസ്ഥാന്‍ റദ്ദാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ പച്ചക്കൊടി കിട്ടിയില്ലെന്നാണ് ന്യായം. എന്നാല്‍ ഇതിന് പിന്നില്‍ ഐസിസിയെ പേടിപ്പിക്കാനുള്ള വെറും 'ഷോ' മാത്രമാണെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍.

ലോകകപ്പില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച (ഫെബ്രുവരി 2) അറിയിക്കാമെന്നാണ് പിസിബി അധ്യക്ഷന്‍ മുഹ്സിന്‍ നഖ്വി ഇപ്പോള്‍ പറയുന്നത്. പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫാണ് അവസാന വാക്ക് പറയേണ്ടത്. രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് നഖ്വി വീരവാദം മുഴക്കുന്നുണ്ടെങ്കിലും ഐസിസിയുമായി പിണങ്ങിയാല്‍ പാക് ക്രിക്കറ്റിന്റെ പതനം പൂര്‍ത്തിയാകുമെന്ന് ഇവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ ഐസിസിയെ പിണക്കരുതെന്ന് കാണിച്ച് നഖ്വി തന്നെ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

വാശിപിടിച്ചു നിന്ന ബംഗ്ലാദേശിന് ഐസിസി നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നതോടെ ബംഗ്ലാദേശ് ലോകകപ്പില്‍ നിന്ന് പുറത്തായി, പകരം സ്‌കോട്ട്ലന്‍ഡ് കയറി. ഇതേ ഗതി പാക്കിസ്ഥാനും വരുമെന്നാണ് സൂചന. പാക്കിസ്ഥാന്‍ ബഹിഷ്‌കരിച്ചാല്‍ യുഗാണ്ടയെ പകരം ഇറക്കാന്‍ ഐസിസി തയ്യാറെടുത്തു കഴിഞ്ഞു. അത് മാത്രമല്ല, ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍ കനത്ത പിഴയും അന്താരാഷ്ട്ര മത്സരങ്ങളില്‍ വിലക്കും പാക്കിസ്ഥാന് നേരിടേണ്ടി വരും. പാക് സൂപ്പര്‍ ലീഗിലേക്ക് (PSL) വിദേശ താരങ്ങളെ വിടില്ലെന്നും ഐസിസി ഭീഷണി മുഴക്കിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് വരില്ലെന്ന് വാശിപിടിച്ച പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഒരുവശത്ത് പങ്കെടുക്കില്ലെന്ന് പറയുമ്പോഴും മറുവശത്ത് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയും സംഘവും കൊളംബോയിലേക്ക് പോകാന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. തിങ്കളാഴ്ച ടീം കൊളംബോയിലെത്തുമെന്നാണ് വിവരം. നാണംകെട്ട് പിന്മാറുന്നതിനേക്കാള്‍ ഭേദം ലങ്കയില്‍ പോയി കളിക്കുന്നതാണെന്ന് പാക് താരങ്ങള്‍ക്കും ബോധ്യമുണ്ട്.

വിവാദങ്ങളും ആശയക്കുഴപ്പങ്ങളും വര്‍ധിക്കുന്നതിനിടെ നാളെ ശ്രീലങ്കയിലേക്ക് പാക് ടീം യാത്ര തിരിക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പിസിബിയുടേതായി പുറത്തായ വാര്‍ത്താക്കുറിപ്പിലായിരുന്നു ഓസീസ് ടീമിനൊപ്പം പാക്കിസ്ഥാന്‍ ടീം യാത്ര തിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നത്. മുന്‍താരങ്ങള്‍ ഉള്‍പ്പടെ ഇത് ട്വീറ്റ് ചെയ്തതോടെ പിസിബി ഇത് പിന്‍വലിക്കുകയും പുതിയ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയുമായിരുന്നു. മുന്‍ നിശ്ചയിച്ചത് പ്രകാരം തിങ്കളാഴ്ച പാക് ടീം കൊളംബോയില്‍ എത്തുമെന്നാണ് പിടിഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പാക്കിസ്ഥാന്റെ ഈ ഇരട്ടത്താപ്പ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ചത്തെ പ്രഖ്യാപനം വെറുമൊരു ചടങ്ങായി മാറാനാണ് സാധ്യത. എത്രയൊക്കെ നാടകം കളിച്ചാലും ഐസിസിയുടെ പണത്തിന് മുന്നില്‍ മുട്ടുമടക്കി പാക്കിസ്ഥാന്‍ കൊളംബോ വിമാനം കയറുമെന്ന് ഉറപ്പാണ്.