ലാഹോര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തോടെ പാകിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയെങ്കിലും, പാക് സ്പിന്നര്‍ ഉസ്മാന്‍ താരിക്കിന്റെ ബൗളിംഗ് ആക്ഷനെ ചൊല്ലിയുള്ള തര്‍ക്കം ക്രിക്കറ്റ് ലോകത്ത് പുകയുന്നു. ശനിയാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ താരിക്കിന്റെ ബൗളിംഗ് ആക്ഷനെ പരസ്യമായി ചോദ്യം ചെയ്തതാണ് വിവാദത്തിന് കാരണമായത്. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ 11-ാം ഓവറില്‍ ഉസ്മാന്‍ താരിക്കിന്റെ പന്തില്‍ പുറത്തായ ഗ്രീന്‍, ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നതിനിടെ താരിക് പന്ത് നിയമവിരുദ്ധമായി എറിയുകയാണെന്ന് ആംഗ്യം കാണിച്ചു. താരിക്കിന്റെ ബൗളിംഗ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന സൂചനയാണ് ഗ്രീന്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിച്ചതോടെ ആരാധകരും മുന്‍ താരങ്ങളും താരിക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മത്സരത്തില്‍ പാകിസ്ഥാന്‍ താരമായ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിങ് 'ചക്കിങ് ' ആണെന്ന് കാമറൂണ്‍ ഗ്രീന്‍. താരിഖിന്റെ പന്തില്‍ വിക്കറ്റായതിന് പിന്നാലെ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് ഗ്രീന്‍ പ്രത്യേക ആംഗ്യത്തിലൂടെ ബൗള്‍ 'ചക്കിങ്' ആണെന്ന് സഹതാരങ്ങളോട് പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.


ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. ഓസ്‌ട്രേലിയയ്ക്കെതിരായ പാകിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോറാണിത്. പാകിസ്ഥാന്‍ ക്യാപറ്റന്‍ സല്‍മാന്‍ അലി ആഘ 40 പന്തില്‍ 76 റണ്‍സും ഉസ്മാന്‍ ഖാന്‍ 36 പന്തില്‍ 53 റണ്‍സ് നേടിയതാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ നേടി കൊടുത്തത്. 198 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി.

ഇതിനിടെയാണ് 11-ാം ഓവറില്‍ വിവാദമായ സംഭവം നടക്കുന്നത്. പാകിസ്ഥാന്‍ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്റെ പന്തില്‍ കാമറൂണ്‍ ഗ്രീന്‍ ക്യാച്ചിലൂടെ പുറത്താകുക ആയിരുന്നു. താരിഖ് ബൗള്‍ ചെയ്യുന്നതിനിടെ ആക്ഷന്‍ പകുതിയ്ക്ക് വെച്ച് നിര്‍ത്തിയ ശേഷം അണ്ടര്‍ ആം രീതിയില്‍ ആയിരുന്നു താരം ബൗള്‍ ചെയ്തത്. ഈ പന്ത് സിക്സര്‍ അടിക്കാന്‍ ശ്രമിക്കുന്നതിനിടെ പോയിന്റില്‍ ക്യാച്ച് നല്‍കി ഗ്രീന്‍ പുറത്താക്കുക ആയിരുന്നു. മൈതാനത്ത് നിന്ന് മടങ്ങുന്നതിനിടെ 'ചക്കിങ്' എന്ന് സൂചിപ്പിക്കുന്ന തരത്തില്‍ ആംഗ്യവും ഗ്രീന്‍ കാണിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇത് വരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറായിട്ടില്ല.

മുമ്പും വിവാദത്തില്‍

ഇതാദ്യമായല്ല താരിക്കിന്റെ ആക്ഷന്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ പി എസ് എല്ലിനിടെ താരിക്കിന്റെ ആക്ഷന്‍ സംശയാസ്പദമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് ബിഗ് ബാഷ് താരം ജേസണ്‍ റോയ് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ആക്ഷനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.

എന്താണ് ഐസിസി നിയമം?

ഐസിസി നിയമപ്രകാരം, പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് ഒരു ബൗളറുടെ കൈമുട്ട് 15 ഡിഗ്രിയില്‍ കൂടുതല്‍ വളയാന്‍ പാടില്ല. ഇതില്‍ കൂടുതല്‍ വളയുന്നത് 'ചക്കിങ്' ആയി കണക്കാക്കും. എന്നാല്‍, ഫീല്‍ഡ് അമ്പയര്‍മാരോ മാച്ച് റഫറിയോ താരിക്കിന്റെ ബൗളിംഗിനെതിരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന് തുടര്‍ന്നും പന്തെറിയാം. ബയോമെക്കാനിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയാല്‍ മാത്രമേ ഇതില്‍ അന്തിമ തീരുമാനമുണ്ടാകൂ.

പരമ്പര സ്വന്തമാക്കി പാകിസ്ഥാന്‍

വിവാദങ്ങള്‍ക്കിടയിലും കളിയില്‍ പാകിസ്ഥാന്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി. രണ്ടാം ടി20-യില്‍ ഓസ്‌ട്രേലിയയെ 90 റണ്‍സിന് തകര്‍ത്ത പാകിസ്ഥാന്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0 ന് മുന്നിലെത്തി. പാകിസ്ഥാന്‍: 198/5 (സല്‍മാന്‍ അഗ 40 പന്തില്‍ 76, ഉസ്മാന്‍ ഖാന്‍ 53). ഓസ്‌ട്രേലിയ: 108 (15.4 ഓവറില്‍ പുറത്ത്). അബ്രാര്‍ അഹമ്മദ്, ഷദാബ് ഖാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തു. ആദ്യ ടി20-യിലും പാകിസ്ഥാന്‍ വിജയിച്ചിരുന്നു.